Saturday, June 4, 2011

പരിത്യാഗവും സൃഷ്ടിപരതയും

പരിത്യാഗം നിങ്ങളുടെ നഷ്ടമായ ഊര്‍ജ്ജത്തെ വീണ്ടെടുത്തുതരുന്നു. പരിശ്രമംകൊണ്ടുമാത്രം സൃഷ്ടിപരത സ്വായത്തമാക്കാനാവില്ല. ഛത്രപതി ശിവജിയെക്കുറിച്ച്‌ മനോഹരമായ ഒരു കഥയുണ്ട്‌.

ഒരു കാലയളവില്‍, രാജ്യഭരണം മൂലം അദ്ദേഹത്തിന്‌ അത്യധികം അസഹ്യത അനുഭവപ്പെട്ടു. ഭരണം ഭാരിച്ചൊരു ചുമടായി തോന്നി. അദ്ദേഹം ഗുരു സമര്‍ത്ഥ്‌ രാംദാസ്ജിയെ ചെന്നു കണ്ടു പറഞ്ഞു. " ഭരണസുഖങ്ങള്‍ അമിതമായി ആസ്വദിച്ചതുകൊണ്ട്‌ ഞാന്‍ മടുത്തുപോയിരിക്കുന്നു. വൈഫല്യബോധം നിരന്തരശല്യമായി അനുഭവപ്പെടുന്നു. അതുകൊണ്ട്‌ ഞാന്‍ എല്ലാം പരിത്യജിക്കാന്‍ ആഗ്രഹിക്കുന്നു" രാംദാസ്ജി ശിവജിപറയുന്നതു സശ്രദ്ധം കേട്ടു; ആഗ്രഹിച്ചപ്രകാരം പ്രവര്‍ത്തിച്ചുകൊള്ളാന്‍ അനുവാദം കൊടുത്തു. ശിവജി തികച്ചു സന്തോഷവാനായി. എല്ലാ ത്യജിക്കുകഎന്ന ചിന്തതന്നെ അദ്ദേഹത്തിന്‌ ആശ്വാസമേകി! പിന്നെ രാംദാസ്ജി ശിവജിയോടുപറഞ്ഞു. "ഞ്ഞാന്‍ എല്ലാം അംഗീകരിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാനാണ്‌ രാജാവ്‌; നിങ്ങള്‍ എന്റെ സേവകനും. ഞാന്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ ചെയ്യുമോ?

ഉടന്‍ ശവജി മറുപടി പറഞ്ഞു: "അങ്ങേയ്ക്കുവേണ്ടി എന്തു ചെയ്യാനും ഞാന്‍ തയ്യാര്‍! എന്തു വേണമെന്ന്‌ ആജ്ഞാപിച്ചാലും" സമര്‍ത്ഥ്‌ രാംദാസ്ജി പറഞ്ഞു. " വളരെ നല്ലത്‌! നിങ്ങള്‍ എനിക്കു വേണ്ടി ഈ രാജ്യം ഭരിക്കുമോ?

ശിവജി പ്രതിവചിച്ചു "ശരി, ഞാന്‍ അങ്ങയ്ക്കുവേണ്ടി രാജ്യം ഭരിക്കും" ആത്മപരിത്യാഗം ശിവജിയില്‍ അവേശവും അത്യുത്സാഹവും ഉളവാക്കി. പിന്നീട്‌ അദ്ദേഹം സന്തോഷത്തോടെ രാജ്യം ഭരിച്ചു. പിരിമുറുക്കത്തിന്‌ അയവുവരുമ്പോള്‍ സൃഷ്ടിപരത പൊട്ടിവിടരുന്നു. പിരിമുറുക്കത്തിലും നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും; പക്ഷേ, പ്രവര്‍ത്തനം സൃഷ്ടി പരമാകാന്‍ പരിത്യാഗം തന്നെവേണം. പകല്‍ മുഴുവന്‍ നിങ്ങള്‍ ചെയ്ത ജോലികളെല്ലാം ത്യാജിക്കേണ്ടതുണ്ട്‌.

അപ്പോഴേ രാത്രി സുഖമായി ഉറങ്ങാന്‍ കഴിയൂ. ജോലിക്കുശേഷം ഒരു വിരാമം എന്ന ചട്ടം പ്രകൃതിതന്നെ നമ്മില്‍ അവശ്യഘടകമായി വിന്യസിച്ചിട്ടുണ്ട്‌. ഒരേ ജോലിതുടര്‍ച്ചയായി ചെയ്യുമ്പോള്‍ നമ്മുടെ ഊര്‍ജ്ജത്തിനു തേയ്മാനം സംഭവിക്കുന്നു. വിരമിച്ചിരിക്കുമ്പോഴാകട്ടെ, സര്‍ഗാത്മകതയുടെ നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചുകിട്ടുന്നു. സര്‍ഗ്ഗാത്മകത അഭ്യസനംകൊണ്ട്‌ സ്വായത്തമാകുന്നതല്ല- നമ്മുടെ അന്തരിന്ദ്രിയങ്ങളുടെ ആഴങ്ങളില്‍ നിന്നു സ്വയം പൊട്ടിവിരിയേണ്ടതാണ്‌. തികച്ചും അജ്ഞാതമായൊരു കോണില്‍നിന്ന്‌ ഇതു സംഭവിക്കാന്‍ നമ്മുടെ ശരീരവും മനസ്സും ആത്മാവും സ്വരൈക്യത്തില്‍, ഒരോ ശ്രുതിമാധുര്യത്തില്‍, അലിഞ്ഞു നില്‍ക്കണം.

വിരമിച്ചിരിക്കുന്ന അവസ്ഥ, അല്ലെങ്കില്‍, പരിത്യാഗം, എപ്പോഴും ആത്മാവിനെ ഉത്തേജിപ്പിക്കുന്നു. സൃഷ്ടിപരത ആത്മാവിന്റെ നിസര്‍ഗ്ഗജമായ സവിശേഷവൈഭവമാണ്‌. പൂര്‍ണവിശ്രാന്തിയില്‍ വിലയം കൊള്ളുമ്പോള്‍മാത്രമേ നിങ്ങള്‍ക്ക്‌ സര്‍ഗധനരാകാന്‍ കഴിയൂ. ഒഴിവുവേളകളില്ലാതെ അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ സര്‍ഗവൈഭവമില്ലാതെ അതേ പ്രവൃത്തിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആവേശവും ഉത്സാഹത്തിമിര്‍പ്പും വേണമെങ്കില്‍ നിങ്ങള്‍ക്കു പൂര്‍ണ വിശ്രമം ആവശ്യമാണ്‌. സര്‍ഗ്ഗവൈഭവ  ആവിര്‍ഭവിക്കുമ്പോള്‍ അതോടൊപ്പം വിശ്രമത്തിന്റെ ആവശ്യവും വരുന്നു. 'കഠിന'മായി പ്രയത്നിക്കുന്നതും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നതും രണ്ടും രണ്ടാണ്‌! സര്‍ഗശേഷി ആര്‍ജ്ജിക്കാന്‍വേണ്ടി നിങ്ങള്‍ക്ക്‌ കഠിനമായി പ്രവര്‍ത്തിക്കാനാവില്ല.

യഥാര്‍ത്ഥത്തില്‍, സൃഷ്ടിപരതയുടെ അടിസ്ഥാനപരമായ പ്രതിബന്ധമാണ്‌ കഠിനപ്രയത്നം. എങ്കിലും, പലവേളകളിലും, നൊമ്പരം,അത്യധ്വാനം, വൈഫല്യ ബോധം എന്നിവ ചില വ്യക്തികളില്‍ സര്‍ഗ്ഗാവിഷ്ക്കാരത്തിന്‌ കളമൊരുക്കിയിട്ടുണ്ട്‌. എന്നാല്‍, മുന്‍പറഞ്ഞ കാരണങ്ങള്‍ മാത്രമല്ല വ്യക്തിയുടെ സര്‍വൈഭവത്തെ സ്വാധീനിക്കുന്ന നിയാമകഘടകം. ലോകത്തില്‍, ലക്ഷക്കണക്കിനു ജനങ്ങള്‍ കഠിനാധ്വാനംചെയ്യുന്നവരാണ്‌, വൈഫല്യ ബോധമുള്ളവരാണ്‌. പക്ഷേ, അവരാരും സര്‍ഗവൈഭവരല്ല. സമ്മര്‍ദ്ദം ആണ്‌ സൃഷ്ടിപരതയുടെ ആധാരമെങ്കില്‍, യുദ്ധകാലങ്ങളിലെ ലെബനനും ഇന്നത്തെ ഇറാക്കും ആകുമായിരുന്നു സൃഷ്ടിപരതയില്‍ മുന്‍നിരക്കാര്‍!

സൃഷ്ടിപരത ഇതള്‍ വിരിയുന്ന ഇടം നാം എങ്ങനെ കണ്ടെത്തും?

ഒരു ഇടത്തില്‍നിന്നാവാം, നിശ്ശൂന്യതയില്‍ നിന്നാവാം, സൃഷ്ടിപരത ഉറഞ്ഞൊഴുകുന്നു. ആ ഇടത്തില്‍ എത്താനുള്ള അതിവേഗപ്പാത ആത്മപരിത്യാഗമാണ്‌.

ഉദാഹരണമായി, ശബ്ദത്തിന്റെ പ്രയോജനം തന്നെ ആന്തരമായ മൗനത്തിലേയ്ക്ക്‌ നിങ്ങളെ തിരിച്ചെത്തിക്കലാണ്‌. മൗനത്തിന്റെ ശില്‍പമല്ലാതെ മറ്റൊന്നല്ല സംഗീതം. ആത്മപരിത്യാഗം നിങ്ങളിലുള്ള മൗനമുദ്രിതമണ്ഡലവുമായി നിങ്ങളെ ബന്ധിപ്പിക്കുന്നു. പിന്നീട്‌, സര്‍ഗപരതയുടെ അവസാനമില്ലാത്ത ഉറവയായിത്തീരുന്നു നിങ്ങള്‍. ആത്മപരിത്യാഗി സര്‍വ്വദാ സര്‍ഗ്ഗപരനും വിശ്രമസ്ഥനുമാകുന്നു.

No comments:

Post a Comment